മഴക്കാലം രോഗങ്ങളുടെയും പെരുമഴക്കാലമാണ്. കഠിനമായ വേനൽ ചൂടിനു ശേഷം പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിൽ ശരീരം പാകപ്പെട്ടു വരാൻ സമയമെടുക്കും. വേനലിൽ ക്ഷീണിച്ചിരിക്കുന്ന ശരീരം മഴക്കാലം തുടങ്ങുന്നതോടെ കൂടുതൽ ദുർബലമാവുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യുന്നു കോവിഡ് – 19, ബ്ലാക്ക് ഫംഗസ് തുടങ്ങിയ മഹാമാരിയുടെ കാലം കൂടി ആയതുകൊണ്ട് മഴക്കാലത്ത് അതീവ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. മഴക്കാലത്ത് പകർച്ചവ്യാധികൾ പെട്ടെന്ന് പിടിപെടാനുള്ള കാരണവും ഈ രോഗപ്രതിരോധ ശക്തിയെ ബലപ്പെടുത്താത്തതുകൊണ്ടാണ്.
നമ്മുടെ ജീവിതചര്യയിൽ നേരിയ മാറ്റം വരുത്തിയാൽ തന്നെ നമുക്ക് മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം. ആയുർവേദ ഗ്രന്ഥങ്ങളിൽ ഓരോ ഋതുക്കളിലും നാം ശീലിക്കേണ്ട ജീവിതചര്യയെകുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവ ഒരു ഡോക്ടറുടെ നിർദേശപ്രകാരം പാലിക്കുന്നതിലൂടെ നിങ്ങൾക്ക് മഴക്കാല രോഗങ്ങളിൽ നിന്നും രക്ഷനേടാം.
പകർച്ചവ്യാധികൾ
മഴക്കാലത്ത് വീടും പരിസരവും അതുപോലെ കഴിക്കുന്ന ഭക്ഷണ സാധനങ്ങളും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ വിവിധ തരത്തിലുള്ള പകർച്ചവ്യാധികൾക്ക് കാരണമാകും.
മഴക്കാലത്ത് കൂടുതലായി പ്രത്യക്ഷപ്പെടുന്ന പകർച്ചവ്യാധികൾ
- എലിപ്പനി (ജീവികളുടെ മലമൂത്ര വിസർജനം കലർന്ന ജലത്തിലൂടെ പകരുന്നു.
- ഡെങ്കിപ്പനി (ഈഡിസ് വിഭാഗത്തിൽ പെടുന്ന കൊതുകുകൾ പരത്തുന്നു)
- ചിക്കുൻ ഗുനിയ (ഈഡിസ് വിഭാഗം കൊതുകുകൾ പരത്തുന്നു)
- പന്നിപ്പനി (പന്നികളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന എച്ച് വൺ എൻ വൺ വൈറസ് ബാധ)
- ടൈഫോയിഡ് (മലിന ജലം, ഭക്ഷണം എന്നിവയിലൂടെ പകരുന്നു.
- കോളറ (മലിനമായ ജലം, ഭക്ഷണം എന്നിവ ഭക്ഷിക്കുന്നതിലൂടെ പകരുന്നു)
വാതരോഗങ്ങൾ
മഴക്കാലത്ത് വാതരോഗങ്ങളെ കരുതിയിരിക്കണമെന്ന് മലയാളികൾക്ക് പൊതുവെ ധാരണയുണ്ട്. മഴക്കാലത്തുണ്ടാകുന്ന തണുപ്പും ത്രിദോഷങ്ങളുടെ കോപവും നിമിത്തം വാതരോഗങ്ങൾ വർദ്ധിച്ചുവരുന്നതാണ്. പ്രായമായവരിൽ പ്രത്യേകിച്ചും വാതരോഗങ്ങൾ അധികരിക്കും. ഇതിനോടൊപ്പം സന്ധിവാതം, രക്തവാതം ഉള്ളവരിലും രോഗം മൂർച്ഛിച്ച് കാണാറുണ്ട്. കുട്ടികൾക്കും മഴക്കാലം അനുകൂലമല്ല.
ത്വക്ക് രോഗങ്ങൾ
ഫംഗസ് അണുബാധകൾ കൂടുന്നതും ഈ മഴക്കാലത്താണ്. അന്തരീക്ഷത്തിൽ ഈർപ്പം ഉള്ളതുകൊണ്ട് വിവിധതരം സൂക്ഷ്മ ജീവികൾക്ക് വളരാൻ ഏറെ സഹായകരമായ കാലാവസ്ഥയാണ്. അതുകൊണ്ടു തന്നെ പൂപ്പൽ രോഗം (ഫംഗൽ ഇൻഫെക്ഷൻ) ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഉണങ്ങാത്ത വസ്ത്രം ധരിക്കുന്നത് ഒഴിവാക്കുക.
മറ്റ് രോഗങ്ങൾ
- ദഹനസംബന്ധമായ പ്രശ്നങ്ങൾ
മഴക്കാലത്ത് ദഹന വ്യവസ്ഥ തകരാറിൽ ആയിരിക്കും. ഈ കാലത്ത് എളുപ്പം ദഹിക്കാത്തതും തണുപ്പുള്ളതുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം, വയറിളക്കം, ചർദ്ദി എന്നിവയും കാണാറുണ്ട്.
- വളംകടി
കാൽ വിരലുകൾക്കിടയിൽ ഉണ്ടാകുന്ന വളംകടി മഴക്കാലത്ത് ചെരുപ്പിടാതെയും ശുചിത്വം പാലിക്കാതെയും മലിനജലത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന വഴി ഉണ്ടാകുന്ന രോഗം ആണ്. അതുപോലെ നഖത്തിന് ചുറ്റും പഴുക്കുന്നതും മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്നു.
പ്രതിരോധ മാർഗ്ഗങ്ങൾ
- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
- കൊതുകുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കുക.
- വൈകുന്നേരങ്ങളിൽ വീടും പരിസരവും ധൂപനത്തിന് വിധേയമാക്കുക. കുന്തിരിക്കം, അകിൽ, ആര്യവേപ്പ് ഇല, എരുക്കിൻ പൂവ്, ചെഞ്ചല്യം ഇവയൊക്കെ പുകക്കാൻ ഉപയോഗിക്കാം. അപരാജിത ധൂമ ചൂർണ്ണവും ഇതിനായി ഉപയോഗിക്കാം.
- വസ്ത്രങ്ങളും വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്ന സ്ഥലങ്ങളും പുകയ്ക്കുക.
- ഈർപ്പമുള്ള സ്ഥലങ്ങളിൽ അധികനേരം ഉള്ള സമ്പർക്കം ഒഴിവാക്കുക.
- ആയാസകരമായ ജോലികൾ ഒഴിവാക്കാം.
- കർപ്പൂരാദി തൈലം, ധന്വന്തരം തൈലം തുടങ്ങിയവ തേച്ചു കുളിക്കുന്നത് നല്ലതാണ്.
- മലിനജല സമ്പർക്കം ഉണ്ടായാൽ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. അല്ലെങ്കിൽ കുളിക്കുക.
- നദീജലത്തിൽ കുളിക്കാതിരിയ്ക്കുക.
- തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
- നനഞ്ഞ മാസ്ക്കും വസ്ത്രങ്ങളും ധരിക്കുന്നത് ഒഴിവാക്കുക.
ഭക്ഷണക്രമങ്ങൾ
ദഹനശക്തി വർധിപ്പിക്കുന്ന ആഹാരം കഴിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ലഘുവായ ആഹാരം കഴിക്കാം. ത്രിദോഷങ്ങളുടെ കോപം ഉണ്ടാകുന്നതു കൊണ്ട് അവയെ ശമിപ്പിക്കുന്ന ആയുർവേദ ചികിത്സകൾ ചെയ്യേണ്ടതാണ്.
- അരി, ഗോതമ്പ്, യവം ( ബാർലി), ചെറുപയർ മഴക്കാലത്ത് ഉപയോഗിക്കുന്നത് നല്ലതാണ്.
- ഉപ്പ്, പുളി, മധുരമുള്ള ഭക്ഷണസാധനങ്ങൾ മഴക്കാലത്ത് കൂടുതലായി ഉപയോഗിക്കാം. ഈ രസങ്ങൾക്ക് (രുചി) മഴക്കാലത്തുണ്ടാകുന്ന രോഗത്തെ നിയന്ത്രിക്കാൻ ഉള്ള കഴിവുണ്ട്.
- മധുരം എന്ന് ഉദ്ദേശിക്കുന്നത് പഞ്ചസാരയുടെ ഉപയോഗം അല്ല.
- പ്രമേഹരോഗികൾ മധുരം ഉപയോഗിക്കുന്നത് നിയന്ത്രിക്കുക.
- ഉപ്പ്: സൗവർച്ചില ഉപ്പ് ( തുവർചില ഉപ്പ്), സൈന്ദവ ലവണം (ഇന്തുപ്പ്) എന്നിവ അഭികാമ്യം.
- ചുക്കും മല്ലിയും ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കാo
- തേൻ പാനീയം പോലെ ആക്കി കഴിക്കുന്നത് നല്ലതാണ്.
- ശേഖരിച്ചു വച്ചിട്ടുള്ള ഉപയോഗപ്രദമായ ധാന്യങ്ങൾ മഴക്കാലത്ത് കഴിക്കാം.
- കഞ്ഞി (ദ്രവാംശം കുറഞ്ഞത്) കുടിക്കുന്നത് ദഹനത്തെ ശക്തിപ്പെടുത്താൻ സഹായിക്കും.
- ഔഷധ കഞ്ഞി കുടിക്കുന്നത് ഫലപ്രദമാണ്.
- വാത രോഗങ്ങൾ നിയന്ത്രിക്കാൻ നെയ്യ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് ഫലപ്രദമാണ്.
- പാകംചെയ്ത ഭക്ഷണം ചൂടോടുകൂടി കഴിക്കുക.
- ശീതീകരിച്ച ഭക്ഷണം ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക.
- മുള്ളൻ ചീര, തകര, വെള്ളരിയില, പയറില, ചേമ്പില, ആനക്കൊടിത്തൂവ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആരോഗ്യം വർധിപ്പിക്കാനും പ്രതിരോധശക്തി വീണ്ടെടുക്കുവാനും അവ സഹായിക്കും. മുരിങ്ങയിലയുടെ ഉപയോഗം മഴക്കാലത്ത് ഒഴിവാക്കുക.
ദശപുഷ്പ പ്രയോഗം
വിഷ്ണുക്രാന്തി, ചെറൂള, പൂവാംകുരുന്നില, കൈയോന്നി, നിലപ്പന, ഉഴിഞ്ഞ, മുയൽചെവി, തിരുതാളി മുക്കുറ്റി, കറുക എന്നീ ദശപുഷ്പങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ആരോഗ്യദായകം ആണ്. ദശപുഷ്പങ്ങൾക്ക് വിവിധതരം രോഗങ്ങളെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. ഇവയിൽ ഓരോന്നും പ്രത്യേകമായി പല അസുഖങ്ങൾക്കും ഒറ്റമൂലിയായി പ്രയോഗിക്കാറുണ്ട്.
മഴക്കാലത്തെ ഔഷധകഞ്ഞി കൂട്ടുകളിൽ ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശക്തിക്കും ആരോഗ്യം നിലനിർത്തുന്നതിനും സഹായകരമാണ്. കേരളത്തിൽ നിലനിന്നിരുന്ന ഒരു ആചാര പ്രകാരം ധനുമാസത്തിലെ തിരുവാതിര നാളിൽ സ്ത്രീകൾ ശിരസ്സിൽ ദശപുഷ്പം ധരിക്കാറുണ്ട്.
ദഹനശക്തി, ഓർമശക്തി, ലൈംഗിക ശേഷി എന്നിവ വർദ്ധിപ്പിക്കാനും വയറിളക്കം, പനി, തലവേദന കഫ രോഗങ്ങൾ, മൂത്ര രോഗങ്ങൾ, ആർത്തവ പ്രശ്നങ്ങൾ, തലമുടി വളരാൻ, കണ്ണിനു കാഴ്ചശക്തി കൂടാൻ രക്ത ശുദ്ധി വരുത്താൻ തുടങ്ങി ഒട്ടേറെ ഗുണങ്ങൾ ദശപുഷ്പത്തിനുണ്ട്.
ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം താഴെപ്പറയുന്ന ലഘുചികിത്സകൾ നിങ്ങൾക്ക് വീട്ടിൽ നിന്നും ചെയ്യാവുന്നതാണ്.
ജലദോഷം, തൊണ്ടവേദന
- ചുക്ക് കാപ്പി : ചുക്ക്, കുരുമുളക്, വെളുത്തുള്ളി, തുളസിയില എന്നിവയുടെ കൂടെ ശർക്കരയിട്ട് തിളപ്പിച്ച് വറ്റിച്ചു കുടിക്കാം.
- താലീസപത്രാദി ചൂർണ്ണം, വ്യോഷാദിവടകം തുടങ്ങിയ ആയുർവേദ മരുന്നുകൾ ഡോക്ടറുടെ സഹായത്തോടെ കഴിക്കാം.
ദഹനക്കേട്
- ഇഞ്ചിനീര് തേനിൽ ചാലിച്ച് കഴിക്കാം.
- ചുക്ക് ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കാം.
- വില്യാദിലേഹ്യം ഇടക്കിടക്ക് കഴിക്കാം. വില്വാദി ഗുളിക കഴിക്കുന്നതും നല്ലതാണ്.
ഛർദി
- മലർ ഇട്ട് തിളപ്പിച്ച വെള്ളം അല്പാല്പമായി കുടിക്കുക
- ഛർദിയുടെ കാരണം അറിയുവാൻ ശ്രമിക്കുക. അസാധാരണത്വം തോന്നിയാൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുക
തളർച്ച, ക്ഷീണം
- കഞ്ഞി വെള്ളം ഉപ്പിട്ട് കുടിക്കുക.
- നാരങ്ങാവെള്ളം ഉപ്പും പഞ്ചസാരയും ചേർത്ത് കുടിക്കുക.
- നെല്ലിക്ക ജ്യൂസ് അടിച്ചു കുടിക്കാം.
- ഇളനീർ കുടിക്കുന്നതും നല്ലതാണ്.
- ചെറിയ ഉള്ളി, ഇഞ്ചി, ഉപ്പ്, കറിവേപ്പില ഇട്ട് ചതച്ച സംഭാരം കുടിക്കാം.
പനി
- ഇഞ്ചിനീര് തേൻ ചേർത്ത് കഴിക്കാം.
- ചൂടുവെള്ളം അൽപ്പാൽപ്പമായി പലവട്ടം കുടിക്കാം.
- ഷഡംഗ ചൂർണ്ണം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം.
പനി കൂടുതൽ ആകുന്ന പക്ഷം അടുത്തുള്ള ഡോക്ടറെ കാണുക. പനി, ശ്വാസംമുട്ടൽ, കണ്ണിന് ചുവപ്പ് തുടങ്ങിയ കോവിഡ്- 19 ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റിന് വിധേയമാവുകയും ഡോക്ടറെ കാണുവാനും മടിക്കരുത്.
സുദർശനം ഗുളിക, വില്വാദിഗുളിക, അമൃതാരിഷ്ടം, അമൃതോത്തരം കഷായം തുടങ്ങിയവ പനി നിയന്ത്രിക്കാൻ ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാവുന്നതാണ്.
ആയുർവേദ ചികിത്സകൾ
ഉഴിച്ചിൽ, പിഴിച്ചിൽ, ധാര, ഞവരക്കിഴി, പഞ്ചകർമ്മചികിത്സകൾ തുടങ്ങിയവ രോഗത്തിന് അനുസരിച്ച് ആയുർവേദ വിദഗ്ധന്മാരുടെ നിർദ്ദേശപ്രകാരം ചെയ്യാവുന്നതാണ്.
രോഗിക്കും ആരോഗ്യവാനായ ആൾക്കും അവരുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യം നിലനിർത്തുന്നതിനും അടുത്ത വർഷം വരെ ഊർജ്ജസ്വലരായിരിക്കാനും ഈ ചികിത്സാ പദ്ധതികൾ പ്രാപ്തമാണ്.
കോവിഡിനെതിരെ ജാഗ്രത പാലിക്കുക. അതിനൊപ്പം മഴക്കാല രോഗങ്ങളെ കരുതിയിരിക്കുക. രോഗപ്രതിരോധ ശേഷി വർധിപ്പിച്ച് ആരോഗ്യം മെച്ചപ്പെടുത്തുക. ആയുർവേദ ചികിത്സയും പ്രതിരോധ മാർഗ്ഗങ്ങളും പാലിക്കുക.
നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം… ആരോഗ്യത്തിന് വേണ്ടി… നല്ലൊരു നാളേക്ക് വേണ്ടി….
കൂടുതൽ വിവരങ്ങൾക്കും പരിശോധനയ്ക്കും www.aayurmantra.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Author : Dr Seleena V
Recent Comments